ജോബ് ഇന്റര്‍വ്യൂ നേരിടാം, ആത്മവിശ്വാസത്തോടെ

അഭിമുഖത്തിനുമുന്നെ നടത്തേണ്ട തയ്യാറെടുപ്പുകള്‍

പഠനത്തിനുശേഷം തൊഴില്‍തേടിയുള്ള യാത്രകളില്‍ തൊഴില്‍ അന്വേഷകനെ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്നത് ജോലി നേടുന്നതിന്റെ ആദ്യ ചവിട്ടുപടിയായ അഭിമുഖങ്ങളാണ്.  ഒരു ഇന്റര്‍വ്യൂ നേരിടുക എന്നത് പലര്‍ക്കും ആവേശകരവുമാണ്. എന്നാല്‍ ഏതൊരാള്‍ക്കും കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തിയാല്‍ വളരെ ഈസിയായി ജോബ് ഇന്റര്‍വ്യൂ എന്ന കടമ്പ കടക്കാന്‍ കഴിയും എന്നതാണ് വസ്തുത. വ്യക്തമായ തയ്യാറെടുപ്പ്, ആത്മവിശ്വാസം, നല്ല ആശയവിനിമയം ഈ മൂന്ന് കാര്യങ്ങള്‍ നല്ലൊരു അഭിമുഖം നേരിടാന്‍ നിങ്ങളെ സഹായിക്കും.

കമ്പനിയും ജോലിയും മനസിലാക്കുക

  • ഇന്റര്‍വ്യൂ നേരിടുന്നതിനുമുന്നെ തന്നെ കമ്പനിയെക്കുറിച്ച് പഠിക്കുക:
  • കമ്പനിയുടെ ലക്ഷ്യങ്ങളും സേവനങ്ങളും മനസിലാക്കുക.
  • ജോലിയുടെ വിവരണം,കമ്പനി ആവശ്യപ്പെടുന്ന കഴിവുകള്‍, തൊഴില്‍ സാധ്യതകള്‍, എന്നിവ വ്യക്തമായി അറിഞ്ഞുവെക്കണം
  • കമ്പനിയുടെ സംസ്‌കാരവും പുതിയ പ്രവര്‍ത്തനങ്ങളും അറിയുക.

(എന്‍.ബി: ഈ വിവരങ്ങള്‍ കമ്പനിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് മറ്റു വിശ്വസനീയമായ സോഴ്‌സുകള്‍ എന്നിവയില്‍നിന്നു മാത്രം കണ്ടെത്തണം)

ടിപ്പ്‌സ്: 'നിങ്ങള്‍ എന്തുകൊണ്ട് ഈ കമ്പനിയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നു?' എന്ന ചോദ്യത്തിന് മുന്‍കൂട്ടി ഉത്തരം തയ്യാറാക്കി മനസില്‍കരുതുക. 

നിങ്ങളുടെ റെസ്യൂമെ വിവരിക്കുക

നിങ്ങളുടെ റിസ്യൂമെയുടെ കഥ പറയാന്‍ തയ്യാറാകുക. നിങ്ങളുടെ റിസ്യൂമെ നിങ്ങളുടെ കഥയാണ്.

  • സ്വന്തം കഴിവുകള്‍ (Soft & Hard Skills) നേട്ടങ്ങള്‍, അനുഭവങ്ങള്‍ ചുരുക്കി പറയുക.
  • കരിയറിലെ ഇടവേളകള്‍ക്കും മാറ്റങ്ങള്‍ക്കും യുക്തമായ വിശദീകരണം നല്‍കണം
  • പ്രസ്തുത ജോലിയുമായി ബന്ധപ്പെട്ട് നിങ്ങളുടെ പരിചയം അവതരിപ്പിക്കുക.

പൊതുവായ ഇന്റര്‍വ്യൂ ചോദ്യങ്ങള്‍ അഭ്യസിക്കുക

സാധാരണയായി ഇന്റര്‍വ്യൂവില്‍ അഭിമുഖികരിക്കേണ്ട ചോദ്യങ്ങള്‍ മൂന്‍കൂട്ടി മനസിലാക്കി തയ്യാറെടുക്കുക. നിരവധി വെബ്ബ്‌സൈറ്റുകള്‍, എ.ഐ. ടൂളുകള്‍ ഇതിനായി സഹായിക്കും. 

  • താങ്കളെ കുറിച്ച് പറയൂ.

ഉദാഹരണം: ''ഞാന്‍ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയാണ്. എ.ഐ.യും ഡാറ്റ അനലിറ്റിക്‌സും എനിക്ക് ആകര്‍ഷണമായ വിഷയങ്ങളാണ്. പ്രോജക്ടുകള്‍ നയിക്കുന്നതിലും ടീം പ്രവര്‍ത്തനത്തിലും അനുഭവമുണ്ട്.''

  • നിങ്ങളുടെ ശക്തികളും ദുര്‍ബലതകളും എന്തൊക്കെയാണ്?

ഉദാഹരണം: ''ഞാന്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. മുന്‍പ് പൊതുപ്രസംഗത്തില്‍ കുറച്ച് പേടി ഉണ്ടായിരുന്നു, പക്ഷേ ഇപ്പോള്‍ പ്രാക്ടീസ് വഴി അതില്‍ ആത്മവിശ്വാസം നേടുകയാണ്.''

  • ഞങ്ങള്‍ നിങ്ങളെ നിയമിക്കേണ്ടത് എന്തുകൊണ്ട്?

ഉദാഹരണം: ''എന്റെ വിശകലന കഴിവുകളും ടീമിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള മനോഭാവവും നിങ്ങളുടെ കമ്പനിയുടെ വളര്‍ച്ചയ്ക്ക് സഹായകരമായിരിക്കും.''

  • അഞ്ച് വര്‍ഷത്തിന് ശേഷം നിങ്ങളെ എവിടെ കാണണമെന്ന് ആഗ്രഹിക്കുന്നു?

ഉദാഹരണം: ''ഞാന്‍ പ്രോജക്ടുകള്‍ നയിക്കുന്ന സ്ഥാനത്തും, പുതിയ അംഗങ്ങളെ മാര്‍ഗനിര്‍ദ്ദേശം ചെയ്യുന്ന സ്ഥാനത്തും എന്നെ കാണാന്‍ ആഗ്രഹിക്കുന്നു.'

സാങ്കേതിക (Technical) ചോദ്യങ്ങള്‍

  • നിങ്ങള്‍ ചെയ്ത ഒരു പ്രോജക്ട് വിശദീകരിക്കുക. അതില്‍ നിങ്ങളുടെ പങ്ക് എന്തായിരുന്നു?
  • STAR (Situation, Task, Action, Result) രീതി ഉപയോഗിക്കുക.
  • നിങ്ങള്‍ക്ക് പരിചിതമായ ടൂള്‍സ് അല്ലെങ്കില്‍ ടെക്‌നോളജികള്‍ ഏതൊക്കെയാണ്?
  • ചലഞ്ചുകള്‍ നേരിട്ടപ്പോള്‍ എങ്ങനെ കൈകാര്യം ചെയ്തു?

(എന്‍.ബി.: ഇത്തരം ചോദ്യങ്ങള്‍ സാധാരണയാണ്. ഒരാള്‍ കമ്പനിക്കു പറ്റിയ ഉദ്ദ്യോഗാര്‍ത്ഥിയാണോ എന്നു കണ്ടെത്തുന്ന നിരവധി പ്രധാനപ്പെട്ട ചോദ്യങ്ങളും ഈ ഘട്ടത്തില്‍ നേരിടേണ്ടി വരും. )

പൊതുവായ ചോദ്യങ്ങള്‍

ഇവിടെ ചോദ്യം ചെയ്യപ്പെടുന്നതു നിങ്ങളുടെ കമ്മ്യൂണിക്കേഷന്‍സ് സ്‌കില്‍സ്, ടീം മാനേജ്‌മെന്റ് സ്‌കില്‍സ്, പ്രോബ്‌ളം സോള്‍വിംഗ് സ്‌കില്‍സ് എന്നിവയാണ്. 

  • ടീമില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച ഒരു അനുഭവം പങ്കിടൂ.
  • പരാജയപ്പെട്ട ഒരു സംഭവവും അതില്‍ നിന്നു പഠിച്ചതും പറയൂ.
  • വിമര്‍ശനങ്ങളെ എങ്ങനെ സ്വീകരിക്കുന്നു? ഇത്തരം ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. 

ഭാഷാതീതമായ (Non-verbal) ആശയവിനിമയം

അഭിമുഖത്തിലെ ചോദ്യങ്ങള്‍ക്കു വളരെ കൃത്യതയോടെ ഉത്തരങ്ങള്‍ നല്‍കിയാലും നിങ്ങള്‍ സെലക്ട് ചെയ്യപ്പെടണം എന്നില്ല. ചോദ്യങ്ങള്‍ക്കു നല്‍കുന്ന ഉത്തരങ്ങളോടൊപ്പംതന്നെ വിലയിരുത്തപ്പെടുന്നാണ് ഉദ്ദ്യോഗാര്‍ത്ഥിയുടെ  പെരുമാറ്റവും. ഈ കാര്യങ്ങളില്‍ ശ്രദ്ധിക്കാം. 

  • അനുയോജ്യമായ വസ്ത്രധാരണം പാലിക്കുക.
  • മുഖത്തുനോക്കി (ചോദ്യം ചോദിക്കുന്ന ആളുടെ കണ്ണില്‍ നോക്കി) മറുപടി പറയാന്‍ ശ്രമിക്കുക 
  • അതോടെപ്പം തന്നെ ഇന്‍ര്‍വ്യൂ ബോര്‍ഡില്‍ ഒന്നിലധികം ആളുകള്‍ ഉണ്ടെങ്കില്‍ എല്ലാവരിലേക്കും ശ്രദ്ധ ചെലുത്തുവാന്‍ പ്രത്യേകം ശ്രമിക്കണം.
  • സ്വാഭാവികമായ പുഞ്ചിരി നിലനിര്‍ത്തുക.
  • ആത്മവിശ്വാസമുള്ള ശരീരഭാഷ പുലര്‍ത്തുക.
  • ശ്രദ്ധയോടെ കേള്‍ക്കുക, മറുപടി നല്‍കാന്‍ തിടുക്കം കാണിക്കരുത്. 

ഇന്റര്‍വ്യൂവറോട് ചോദ്യങ്ങള്‍ ചോദിക്കുക

സമര്‍ത്ഥമായ ചോദ്യങ്ങള്‍ ചോദിക്കുന്നത് നിങ്ങളുടെ താല്‍പര്യം കാണിക്കുന്നു.

ഉദാഹരണങ്ങള്‍:

''ഈ സ്ഥാനത്ത് വിജയിക്കാന്‍ ആവശ്യമായ പ്രധാന ഘടകങ്ങള്‍ എന്തൊക്കെയാണ്?''

''എനിക്ക് പ്രവര്‍ത്തിക്കേണ്ട ടീം എങ്ങനെയാണ്?''

''ജീവനക്കാരുടെ പരിശീലനത്തിനും സ്‌കില്‍ വികസനത്തിനും കമ്പനി അവസരങ്ങള്‍ നല്‍കുന്നുണ്ടോ?'

ഫോളോ-അപ്പ് ചെയ്യുക

ഇന്റര്‍വ്യൂ കഴിഞ്ഞ് നന്ദി പറയുന്ന ഒരു ഇമെയില്‍ അയയ്ക്കുക.

ഉദാഹരണം:

[ജോലി പദവി] സ്ഥാനത്തിനായുള്ള ഇന്റര്‍വ്യൂ അവസരം നല്‍കിയതിന് നന്ദി. പ്രസ്തുത കമ്പനിയെക്കുറിച്ചും തൊഴിലിനെക്കുറിച്ചും കൂടുതല്‍ അവസരം നല്‍കിയതിന് നന്ദി രേഖപ്പെടുത്താം. വളരെ സൂക്ഷിച്ചുമാത്രം വാക്കുകള്‍ ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുക. ചില കമ്പനികള്‍ പ്രത്യേകം ഇത്തരത്തിലുള്ള ഈ മെയിലുകള്‍ താല്‍പ്പര്യപ്പെടുന്നില്ല എങ്കില്‍ ഒരിക്കലും താങ്ക്‌സ്‌ മെയില്‍ അയക്കാതെ ഇരിക്കാന്‍ ശ്രദ്ധിക്കുക. 





Post a Comment

0 Comments